ABDUL KARIM

ഭാവിയുടെ ഇന്റലിജന്റ് വീല്‍

ഒരു പുരുഷന്‍ തന്റെ യൗവ്വനത്തിന്റെ പാരമ്യതയില്‍ മാത്രം വളയം പിടിക്കാനാരംഭിച്ച പോയകാലത്തെ ഇന്ന് സാങ്കേതികതയുടെ ആനുകൂല്യത്തോടെ ബഹുദൂരം ഓവര്‍ടേക്ക് ചെയ്തു കൊണ്ട് പുതുതലമുറ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. വാഹനങ്ങളില്‍ ഇന്നേ കൂടുകെട്ടിയ ഭാവിയുടെ ആധുനികതകള്‍ ഏറെ അനുഗ്രഹമാവുന്നത് കൗമാരം പൂര്‍ത്തിയാവുമ്പോള്‍ തന്നെ മികച്ച ഡ്രൈവര്‍മാരാവുന്ന ഇവര്‍ക്ക് തന്നെയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് വേഗം കൂടിയത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മാത്രമാണ്. വാര്‍ത്താവിനിമയം, ഗതാഗതം എന്നീ മേഖലകള്‍ മാത്രം പരിശോധിച്ചാല്‍ സാങ്കേതിക നിലവാരം അഭൂതപൂര്‍വ്വമായ മികവുകള്‍ കൈവരിച്ച് ഭാവിയിലേയ്ക്കുള്ള ഓട്ടത്തില്‍ തന്നെയാണെന്ന് കാണാം.

പുതിയ നൂറ്റാണ്ടിലെ തുച്ഛമായ പതിനെട്ട് വര്‍ഷങ്ങള്‍ കൊണ്ട് ടെക്‌നോളജിയുടെ സാധ്യതകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്നതും ഈ രണ്ട് മേഖലകള്‍ തന്നെ. ബഡ്ജറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ പോലും ന്യായമായ വിലയ്ക്ക് 'സ്റ്റാന്‍ഡേഡ് എക്യുപ്‌മെന്റ്' ആയി നല്‍കുന്ന ഘടകങ്ങളില്‍ സിംഹഭാഗവും പത്തു വര്‍ഷം മുന്‍പ് വരെ ആഡംബരത്തിന്റെ ചിഹ്നങ്ങളായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് നിന്നും കളറിലേക്ക് ടോപ് സ്പീഡില്‍ പാഞ്ഞുപോയ വാഹനങ്ങളില്‍ ആധുനികത കൂടു കെട്ടിയതിന്റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് സ്മാര്‍ട് വീല്‍. ഏകാഗ്രത മുറിയുമ്പോഴാണ് റോഡപകടങ്ങളുണ്ടാവുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. ഒരു നിസ്സാര മൊബൈല്‍ ഫോണ്‍ റിംഗ് കൊണ്ടു പോലും ഏതു നിമിഷവും ഡ്രൈവറുടെ ശ്രദ്ധ തിരിയാം. തൊട്ടടുത്ത സെക്കന്റില്‍ മുന്നറിയിപ്പ് സൂചന നല്‍കുന്ന ആദ്യ ഇന്റലിജന്റ് സ്റ്റിയറിംഗ് വീല്‍ കവറായ സ്മാര്‍ട്‌വീല്‍ വിദേശവിപണി നെഞ്ചേറ്റിക്കഴിഞ്ഞു. 2015ലെ കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ സ്മാര്‍ട്‌വീല്‍ സിഇഒ ടി.ജെ ഇവാര്‍ ട്‌സ് എന്ന പത്തൊമ്പതുകാരനായ അമേരിക്കന്‍ 'പയ്യന്റെ' നേതൃത്വത്തില്‍ കൗമാരക്കാരായ ശാസ്ത്രജ്ഞന്മാരാല്‍ വിവരിക്കപ്പെട്ട പേറ്റന്റഡ് പ്രൊഡക്ടാണിത്. ഈ സംവിധാനത്തിലുപയോഗിച്ചിരിക്കുന്ന സെന്‍സിംഗ് ടെക്‌നോളജിയുടെ ഉടമസ്ഥാവകാശവും ഇദ്ദേഹത്തിന്റെ കമ്പനിക്ക് അവകാശപ്പെട്ടതാണ്. രേഖീയമായ ഊര്‍ജ്ജമാപിനികളാല്‍ സ്റ്റിയറിംഗിലെ സുരക്ഷിതമായ ഹാന്‍ഡ് പൊസിഷനുകളെ ഉത്തേജിപ്പിച്ച് ഡ്രൈവറുടെ ശ്രദ്ധയെ റോഡില്‍ തന്നെ കേന്ദ്രീകരിക്കാന്‍ ഈ വിദ്യ സഹായിക്കുന്നു. ഡ്രൈവിംഗിനിടെ ഏതൊക്കെ ഭാഗത്തേക്ക് കൈകള്‍ ചലിക്കുന്നുവെന്നും സ്മാര്‍ട്‌വീല്‍ പരിശോധിച്ചു കൊണ്ടിരിക്കും. സ്റ്റിയറിംഗില്‍ നിന്ന് കൈയ്യെടുക്കാതെ തന്നെ, സാങ്കേതികതയുടെ സഹായത്താല്‍ അംഗവിക്ഷേപങ്ങളുപയോഗിച്ച് വാഹനത്തിലെ മറ്റ് ഉപകരണങ്ങള്‍ ഓപ്പറേറ്റ് ചെയ്യാവുന്ന തലത്തിലേക്ക് പ്രവര്‍ത്തനരീതി വിപുലീകരിക്കാനും പദ്ധതികളുണ്ട്. വയര്‍ലെസ് മോഡില്‍ സ്മാര്‍ട്‌ഫോണ്‍ ആപ്പുമായി കണക്ട് ചെയ്യുന്നതിലൂടെ കൗമാരപ്രായക്കാര്‍ക്കു മാതാപിതാക്കള്‍ക്കും ട്രാക്ക് മെച്ചപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഇപ്പോഴേ സജ്ജമാണ്. ഏത് സ്റ്റിയറിംഗ് വീലിനും ഒരുപോലെ യോജിക്കുന്ന സ്മാര്‍ട്‌വീല്‍ ആയിരക്കണക്കിന് മനുഷ്യ ജീവനുകളുടെ കാവലാളാണെന്ന നിര്‍മ്മാതാക്കളുടെ വാദം ശരിവെച്ചേ പറ്റൂ. 'വിപ്ലവം സാങ്കേതികതയിലൂടെ' എന്ന് പണ്ടേ മൊഴിമാറ്റിയ ഇന്ത്യന്‍ കാറുകളും ഭാവിയില്‍ ഈ ആശയത്തെ 'സ്റ്റിയറിംഗ'് നീട്ടി സ്വീകരിക്കട്ടെ.

0 Comments


Leave a Reply