CHEVROLET BISCAYNE- THE VINTAGE WINE


നമുക്ക് ചുറ്റും എന്നും ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്നതിലും ആനന്ദദായകമായി മറ്റൊന്നുമില്ല. പഴമകളെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന ചിലര്‍ക്ക് മാത്രമായിരിക്കും ഓര്‍മ്മകളുടെ നിറവും മണവും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാവുക. തൃശ്ശൂര്‍ സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍ ഈ സന്തോഷം എന്നും അനുഭവിക്കുന്നു. മൂത്ത സഹോദരന്‍ ബോബി ചിറയ്‌ക്കേക്കാരന്‍, രണ്ടാമന്‍ ജോസഫ് ചിറയ്‌ക്കേക്കാരന്‍, ഏറ്റവും ഇളയവന്‍ ആന്റണി ചിറയ്‌ക്കേക്കാരന്‍ എന്നിവര്‍ക്ക് പുതുതലമുറ വാഹനങ്ങള്‍ പലതും സ്വന്തമായുണ്ട്. എങ്കിലും, പുതിയതിനെ പുതുമയോടെ നിലനിര്‍ത്തുന്നതിലുമധികം ശ്രദ്ധയും പരിചരണവും നല്‍കിയതു മൂലം നിത്യഹരിതനായകനായി വാഴുന്ന ഒരു കാറുമുണ്ടിവര്‍ക്ക്. തൃശ്ശൂരിലെ ഒരുവിധപ്പെട്ട കാര്‍ പ്രേമികള്‍ക്കും സാധാരണക്കാര്‍ക്കും ചിരപരിചിതമായി ഇന്നും സുഗമമായി ഓടുന്ന അറുപതുകളുടെ രാജകല- ഷെവര്‍ലെ ബിസ്‌കെയിന്‍. വാഹന വേഗങ്ങളില്‍ നിന്ന് ഇന്നത്തെ മദ്ധ്യവയസ്‌കരുടെ ബാല്യ-കൗമാരങ്ങളിലേയ്ക്ക് ഒരു യാത്രയാവാം.

അര നൂറ്റാണ്ടിലധികമായി നാട്ടില്‍ ചുറ്റിത്തിരിയുന്ന ഷെവര്‍ലെ ബിസ്‌കെയിന്‍ കാറിനെ സംബന്ധിച്ച കഥകളുടെ കെട്ടഴിച്ച് മൂന്നു സഹോദരങ്ങളില്‍ രണ്ടാമനായ ജോസഫ് പറഞ്ഞു തുടങ്ങി. സി. ഔസേപ്പ് ആന്‍ഡ് സണ്‍സ് എന്ന പ്രസിദ്ധ ജ്വല്ലറിയുടെ ഉടമയും സ്വര്‍ണ്ണവ്യാപാരിയുമായിരുന്നു ജോസഫിന്റെയും സഹോദരങ്ങളുടെയും മുത്തച്ഛനായ സി.ഒ.ചാക്കപ്പന്‍. 1966-1967 കാലഘട്ടത്തിലാണ് ഷെവര്‍ലെ ബിസ്‌കെയിന്‍ അദ്ദേഹത്തിന്റെ കൈകളിലെത്തുന്നത്. യുഎസ് നിര്‍മ്മിത ബിസ്‌കെയിന്‍ അന്ന് ആശിച്ചു സ്വന്തമാക്കിയത് ഡല്‍ഹിയില്‍ നിന്നാണ്. അതിനു പിന്നിലേയ്ക്കുള്ള ചരിത്രം തല്‍ക്കാലം വിസ്മൃതിയില്‍ നില്‍ക്കുന്നു. പ്രൗഢഗംഭീരനായ ഈ സെഡാന്‍ പിന്നീട് അദ്ദേഹത്തിന്റെ മകനും, മേല്‍പ്പറഞ്ഞ മൂവരുടെയും പിതാവുമായ ജോസ്. സി. ചാക്കോയിലേയ്‌ക്കെത്തി. അച്ഛനെപ്പോലെ 

വാഹനപ്രേമിയായ മകനും നിധി പോലെ ബിസ്‌കെയിന്‍ കൊണ്ടു നടന്നിരുന്നു. കാലങ്ങള്‍ക്കിപ്പുറം ജോസ്. സി. ചാക്കോയുടെ മൂന്ന് ആണ്‍മക്കളിലും ഉറങ്ങിക്കിടന്നിരുന്ന വാഹനപ്രേമമുണര്‍ത്തിയതും ഇതേ ബിസ്‌കെയിന്‍ തന്നെ. ഐഎന്‍ആര്‍സി അടക്കം വിവിധ റാലികളില്‍ പങ്കെടുത്തിട്ടുള്ള ജോസഫിന് സൂപ്പര്‍ ബൈക്കുകള്‍ ക്രേസാണ്. കാവാസാക്കി സെഡ്എക്‌സ് 10 ആര്‍ സ്വന്തമായുണ്ടെങ്കിലും ജ്യേഷ്ഠാനുജന്മാരെപ്പോലെ തന്നെ ജോസഫിനും ബിസ്‌കെയിനോട് പൊടിക്ക് ഒരിഷ്ടക്കൂടുതലുണ്ട്. 

പുതിയ വാഹനങ്ങളുടെ വരവോടെ ബിസ്‌കെയിന്‍ കുറേക്കാലം ഗാരേജില്‍ തന്നെ വിശ്രമിച്ചു. ഒരിക്കല്‍ പോലും കേടുപാടുകള്‍ വരികയോ വഴിയില്‍ കിടക്കുകയോ ചെയ്യാത്ത വാഹനം സജീവമായി തന്നെയാണ് ഗാരേജിന്റെ തണലിലെ സുരക്ഷയില്‍ മയങ്ങിയത്. മഴയും വെയിലുമേല്‍ക്കാഞ്ഞതു കൊണ്ട് തുരുമ്പോ പോറലോ ഉണ്ടായതുമില്ല. പ്രവര്‍ത്തനക്ഷമതയില്‍ കുറവുണ്ടാവാതെ തുടരാന്‍ അനുകൂല ഘടകങ്ങള്‍ ബിസ്‌കെയിനെ സഹായിച്ചു. പിന്നീട് അഞ്ചു കൊല്ലം മുന്‍പാണ് അച്ഛനപ്പൂപ്പന്മാരുടെ ഈ സ്വന്തം ക്ലാസിക് വാഹനത്തെ ഷോറൂം കണ്ടീഷനില്‍ റീസ്റ്റോര്‍ ചെയ്യണമെന്ന് മൂവരും തീരുമാനിക്കുന്നത്. പാര്‍ട്‌സുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം ചെന്നെത്തി നിന്നതും യുഎസിലാണ്. പ്രധാനമായും യുഎസില്‍ നിന്നും, മറ്റ് പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച ഘടകഭാഗങ്ങളെല്ലാം ഒറിജിനല്‍ തന്നെയായിരുന്നു. ശ്രമകരമായ ഈ ഉദ്യമം പലപ്പോഴായി എല്ലാ പാര്‍ട്‌സും ശേഖരിക്കുന്നതിലേയ്‌ക്കെത്തി. ഇത്രയും കാലത്തിനിടയ്ക്ക് ഒരു തവണ ഓയില്‍ ചെയിഞ്ച് ചെയ്തു എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലും എഞ്ചിന്‍ പണിയേണ്ടി വന്നിട്ടുമില്ല. ഇന്റീരിയര്‍ റീസ്റ്റോറേഷനും ഇതോടൊപ്പം നടന്നു. 

മെക്കാനിക്കല്‍ വര്‍ക്കുകള്‍ മുഴുവന്‍ നടന്നത് തൃശ്ശൂര്‍ സെന്റ് മേരീസ് ഐടിസിയിലും പെയിന്റ് വര്‍ക്കുകള്‍ തൃശ്ശൂരിലെ തന്നെ സെന്‍ട്രല്‍ മോട്ടോര്‍ വര്‍ക്‌സിലുമാണ്. ആദ്യ കാലത്ത് നീല നിറമായിരുന്ന ബിസ്‌കെയിന്‍ പിന്നീടൊരിക്കല്‍ വെള്ള നിറത്തിലേയ്ക്ക് മാറ്റിയിരുന്ന കാര്യവും ജോസഫ് പറയാന്‍ മറന്നില്ല. എന്നാല്‍, ലേറ്റസ്റ്റ് പെയിന്റ് വര്‍ക്കിലൂടെ ചുവപ്പു നിറമാണ് ബിസ്‌കെയിന് നല്‍കപ്പെട്ടത്. 

ഷോ പര്‍പ്പസിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് അലോയ് വീലുകള്‍ മാത്രമാണ്. ബിസ്‌കെയിന്‍ സ്റ്റോക്ക് വീലുകള്‍ 14 ഇഞ്ച് ആണെന്നിരിക്കെ ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് 17 ഇഞ്ച് വീലുകളാണ്. പക്ഷെ, ഒരു ക്ലാസിക് കാര്‍ കോംപറ്റീഷനില്‍ യഥാര്‍ഥ സ്റ്റോക്ക് വീലുകള്‍ തന്നെ കണ്ടില്ലെങ്കില്‍ പോയിന്റ് നില കുറയുക തന്നെ ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥിരമായ മാറ്റങ്ങളൊന്നും വീലുകളില്‍ വരുത്തിയില്ല. 

അതായത്, നട്ടും ബോള്‍ട്ടും അഴിച്ച് ചെറിയ സമയത്തിനുള്ളില്‍ സ്റ്റോക്ക് വീലുകളും വീല്‍ കപ്പും ഘടിപ്പിക്കാം. ഷോക്ക് അബ്‌സോര്‍ബറുകള്‍ പോലും പൂര്‍ണ്ണമായും അഴിച്ചു മാറ്റാന്‍ കേവലം രണ്ടു മണിക്കൂറേ വേണ്ടി വരുന്നുള്ളൂ. കമ്പനി നിര്‍മ്മിച്ചയുടന്‍ പുറത്തെത്തുന്ന യഥാര്‍ഥ ബിസ്‌കെയിനിലേയ്ക്ക് രൂപം മാറാന്‍ അനാവശ്യ സമയനഷ്ടം വരുന്നില്ല എന്നര്‍ത്ഥം. ഇവയെക്കാളുപരി, പുതുതായി വന്ന മാറ്റങ്ങളുടെ പട്ടികയില്‍ പ്രധാനം സവിശേഷമായ എയര്‍ സസ്‌പെന്‍ഷനാണ്. ഷാസി താഴെ മുട്ടുന്നു എന്ന തോന്നല്‍ കാഴ്ചക്കാരനിലുളവാക്കും വിധം ഈ ബിസ്‌കെയിന്‍ നിലത്തേയ്ക്ക് ചേര്‍ന്നു കിടക്കുകയും അപ്രകാരം തന്നെ നിലത്തു നിന്നുയരുകയും ചെയ്യുന്നു. 

സാധാരണ സെഡാനുകളെക്കാള്‍ നീളക്കൂടുതലുള്ള വാഹനമായ ബിസ്‌കെയിന് എയര്‍ സസ്‌പെന്‍ഷന്‍ ഗുണകരമായി വരുന്നുണ്ട്. ഒരു ക്ലാസിക് വാഹനത്തെ പരമ്പരാഗത രീതിയില്‍ ഇന്നും നിലനിര്‍ത്തിക്കൊണ്ടു പോവുന്ന മൂന്നു സഹോദരങ്ങളുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കാതിരിക്കാനാവില്ല. 


0 Comments


Leave a Reply