EDITORIAL - First Gear

ഓട്ടോണമസ് വിപ്ലവം വരുമ്പോള്‍

ഓരോ വര്‍ഷവും പെരുകുന്ന റോഡപകട മരണനിരക്ക് കാണുമ്പോള്‍, അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിംഗിലെ അശ്രദ്ധയും അപാകതകളുമാണെന്നറിയുമ്പോള്‍, ഡ്രൈവറുടെ സഹായമില്ലാതെ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ചിന്തിച്ചു പോവാറുണ്ട്. റോഡപകടങ്ങള്‍ വഴി ജിഡിപിയുടെ മൂന്നു ശതമാനത്തോളം നഷ്ടമാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വ്യക്തിപരമായ നഷ്ടങ്ങള്‍ക്കപ്പുറം, സാമ്പത്തിക രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ള ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ വാഹനലോകം ഏറെക്കാലമായി പരിശ്രമിച്ചു വരികയാണ്. ഡ്രൈവിംഗില്‍ വാഹനങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിലൂടെ അപകടനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവാണ് ഓട്ടോണമസ് ഡ്രൈവിംഗ് എന്ന ആശയത്തെ വിപ്ലവാത്മകമാക്കുന്നത്. സെന്‍സറുകളെയും പ്രൊസസറുകളെയും സോഫ്ട്‌വെയറിനെയും സമന്വയിപ്പിച്ചാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വികസിപ്പിക്കുന്നത്. സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ആത്യന്തികമായി, സെല്‍ഫ് ഡ്രൈവിംഗ് ശേഷി ലഭ്യമാക്കുകയുമാണ് ഈ സംവിധാനത്തിന്റെ കര്‍ത്തവ്യങ്ങള്‍.

2016ല്‍ ഇതു സംബന്ധിച്ചു നടന്ന ഒരു പഠനത്തില്‍, പിന്‍ഭാഗത്തെ ഇടി 40 ശതമാനത്തോളം കുറയ്ക്കാന്‍ ഓട്ടോമാറ്റിക് ഡ്രൈവിംഗ് സംവിധാനത്തിന് കഴിഞ്ഞുവെന്ന് തെളിഞ്ഞിരുന്നു. കൊളീഷന്‍ വാണിംഗ് സിസ്റ്റം ഉള്‍പ്പെടുത്തുക വഴി പിന്നിലെ കൂട്ടിയിടിയില്‍ ഇരുപത് ശതമാനം കുറവുണ്ടായി എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പക്ഷെ, ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട്, സ്റ്റിയറിംഗ് വീല്‍ നിയന്ത്രണത്തില്‍ നിന്ന് ഡ്രൈവറെ ഒഴിവാക്കിയുള്ള ലെവല്‍ നാലിലേയ്‌ക്കോ അഞ്ചിലേയ്‌ക്കോ എത്തണമെങ്കില്‍ വാഹനലോകത്തിന് പല ഗുരുതര പ്രതിസന്ധികളെയും അതിജീവിക്കേണ്ടി വരും. നിരവധി സെര്‍വറുകളില്‍ നിന്നുള്ള വിവരണങ്ങള്‍ ക്രമീകരിച്ച്, വിശകലനം ചെയ്ത് ഉപയോഗിക്കുന്നതിന് സങ്കീര്‍ണമായ സാങ്കേതികവിദ്യ ആവശ്യമാണ്. സെന്‍സറുകളുടെ നിരന്തരമായ പുനര്‍നിര്‍മ്മാണവും അത്യന്താപേക്ഷിതമാണ്. ഇതിനൊക്കെ വലിയ സാമ്പത്തിക നിക്ഷേപമാണ് വേണ്ടി വരുന്നത്.

വ്യാവസായിക വിപ്ലവത്തില്‍ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗം ഉത്പാദനക്ഷമത വര്‍ദ്ധിച്ചതു പോലെ, ഓട്ടോണമസ് ഡ്രൈവിംഗില്‍ സോഫ്ട്‌വെയര്‍ ഡെവലപ്‌മെന്റിന് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഇതു തിരിച്ചറിഞ്ഞ്, വാഹന നിര്‍മ്മാതാക്കളൊക്കെ ഈ രംഗത്ത് വലിയ മൂലധനനിക്ഷേപം നടത്തുന്നുമുണ്ട്. ഉദാഹരണത്തിന്, പുതിയ കാലത്തെ മൊബിലിറ്റി കമ്പനിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെ നാല് ബില്ല്യണ്‍ യുഎസ് ഡോളറാണ് ടൊയോട്ട സോഫ്റ്റ്‌വെയര്‍ വികസനത്തിനായി ചെലവഴിക്കുന്നത്. അടുത്ത ഒരു പതിറ്റാണ്ടോടെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടറുകള്‍ വാഹനങ്ങളില്‍ വ്യാപകമാവുമ്പോള്‍, വാഹനരംഗത്തെ വികസന പദ്ധതികളുടെ എണ്‍പതു ശതമാനവും സോഫ്ട്‌വെയര്‍ വികസനത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

മേല്‍പ്പറഞ്ഞ ദിശയില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും അതിവേഗം പുരോഗമിക്കുമ്പോഴും, പൂര്‍ണമായും ഓട്ടോണമസ് ആയ വാഹനങ്ങളുടെ പ്രായോഗികതയെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ഇപ്പോഴും പൂര്‍ണപക്വത നേടിയിട്ടില്ലെന്നാണ് ഇക്കൂട്ടരുടെ പക്ഷം. ഒരു എ380 എയര്‍ബസ് അറ്റ്‌ലാന്റിക് സമുദ്രം താണ്ടുന്നതിനിടയില്‍ ശേഖരിക്കുന്നതിനേക്കാള്‍ ഇരുപത് മടങ്ങ് അധികം വിവരങ്ങള്‍ ശേഖരിക്കാന്‍ ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചില ഓട്ടോണമസ് കാറുകള്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ, പുരോഗതിയുടെ കാര്യത്തില്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യം തന്നെ. അപകടം ജീവഹാനിക്ക് കാരണമായാല്‍ യന്ത്രത്തെ പ്രതിയാക്കാനാവുമോ? എന്തായാലും, ഗതാഗത നിയമങ്ങളില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുന്നതാണ് ഓട്ടോണമസ് ഡ്രൈവിംഗ് വിപ്ലവം എന്നതില്‍ സംശയമില്ല. വൈകിയാലും, പല ഘട്ടങ്ങളായി ഈ ആശയം വാഹന വ്യവസായത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും.

0 Comments


Leave a Reply