MERCEDES BENZ G63 AMG

ഗെലന്‍ഡ്‌വാഗണ്‍' എന്ന ജര്‍മ്മന്‍ പദത്തിന്റെ ചുരുക്കെഴുത്താണ് ജി-വാഗണ്‍ എന്നതിലെ 'ജി' എന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ടാര്‍ ചെയ്ത റോഡുകള്‍ മാത്രം തെരഞ്ഞെടുക്കാത്ത 'ക്രോസ് കണ്‍ട്രി വെഹിക്കിള്‍' എന്നര്‍ത്ഥം വരുന്ന ഈ പേര് ഇത്രയധികം ചേരുന്ന മറ്റു വാഹനങ്ങളുണ്ടോ എന്നു തന്നെ സംശയമാണ്. എഴുപതുകളില്‍, ഇറാനിലെ ഷായും അതിലുപരി മെഴ്‌സിഡിസിന്റെ സുപ്രധാന ഓഹരിയുടമയുമായിരുന്ന പാഹ്‌ലവിയില്‍ നിന്ന് 20,000 ട്രക്കുകളുടെ ബൃഹത്തായ ഓഡര്‍ കമ്പനിയിലെത്തിയതോടെയാണ് ജി-വാഗണ്‍ എന്ന ചരിത്ര വാഹനത്തിന്റെ അവതാരപ്പിറവി സംഭവിക്കുന്നത്. ഷായുടെ നിര്‍ദ്ദേശപ്രകാരം ആദ്യം മിലിട്ടറി ഉപയോഗത്തിനായും 1979ല്‍ സിവിലിയന്‍ വേര്‍ഷനായും ജി-വാഗണ്‍ എന്ന ജി-ക്ലാസ് രംഗത്തെത്തി. അന്നു മുതലിന്നു വരെ വിവിധ വേരിയന്റുകളിലൂടെ നിലനിന്നു പോരുന്ന ജി-ക്ലാസിനെ ഉന്നതങ്ങളിലെത്തിച്ചതാവട്ടെ, സൂപ്പര്‍ കാറുകളുടെ പ്രകടനമികവും എസ്‌യുവിയുടെ കാഠിന്യവും ഒത്തു ചേര്‍ന്ന എഎംജി വേരിയന്റും. എഎംജി ട്യൂണിംഗിന്റെ മാന്ത്രികത ജി-വാഗണിലെത്തുന്നത് 2003ലാണ്. തുടര്‍ന്ന് ആറു വീലുകളും പിക്ക്-അപ്പ് ബെഡ്ഡുമുള്ള 

ജി 63 6 ഃ 6 വേരിയന്റിന് വരെ ജന്മം നല്‍കിയ ജി-വാഗണ്‍ മാറ്റങ്ങളോടെ ഇന്ത്യയില്‍ വീണ്ടുമെത്തുമ്പോള്‍, എഎംജി ജി 63 വേര്‍ഷനെയും ഒപ്പമെത്തിക്കാന്‍ ബെന്‍സ് മറന്നില്ല. അത്യന്തം തീവ്രമായ ചുറ്റുപാടുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട വാഹനമാണ് എഎംജി ജി 63. രൂപത്തില്‍ ചില നവീകരണ പ്രക്രിയകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ മോഡലിനെയും പരമ്പരാഗത ബോക്‌സ് ശൈലിയില്‍ നിന്ന് മാറ്റിമറിച്ചിട്ടില്ല. വൃത്തരൂപത്തില്‍ തുടരുന്ന ഹൈ പെര്‍ഫോമന്‍സ് ഹെഡ്‌ലാമ്പുകളാണ്. ഉള്ളില്‍, പഴമയില്‍ നിന്ന് വിടുതല്‍ വരുത്തി അത്യാധുനിക സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിരിക്കുന്നു. അനലോഗ് ട്യൂബുകളും ഡയല്‍ ഇന്‍സ്ട്രമെന്റുകളും ആധുനികമാണ്. വിശാലമായ കാഴ്ച നല്‍കുന്ന വൈഡ് സ്‌ക്രീന്‍ കോക്പിറ്റ്. ഉള്ളിലെ വലിപ്പവും സ്ഥലസൗകര്യവും വര്‍ദ്ധിച്ചിരിക്കുന്നു. 

എഎംജി പെര്‍ഫോമന്‍സ് 4 മാറ്റിക് 4-വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം 40:60 എന്ന അംശബന്ധത്തില്‍ മുന്നിലും പിന്നിലും ടോര്‍ക്ക് വിതരണം നടക്കുന്ന റിയര്‍ ബയാസ്ഡ് ടോര്‍ക്ക് ഡിസ്ട്രിബ്യൂഷനാണ്. ആക്‌സിലറേഷനില്‍ കൂടുതല്‍ വലിവ് നല്‍കാന്‍ ഇതുപകരിക്കും. എഎംജി പെര്‍ഫോമന്‍സ് സ്റ്റിയറിംഗ് വീലും, സുരക്ഷയും സുഖവും വര്‍ദ്ധിപ്പിക്കുന്ന അഡാപ്റ്റീവ് അഡ്ജസ്റ്റബിള്‍ ഡാംപിങ്ങോടു കൂടിയ എഎംജി റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷനാണ്. ഏതു റോഡുകളിലും ഡ്രൈവ് ചെയ്യുന്നതിനായി അഞ്ച് ഡൈനാമിക് സെലക്ട് ഡ്രൈവ് മോഡുകളാണ് എഎംജി ജി 63യില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്ലിപ്പറി, കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നിവയ്ക്കു പുറമെ അധികമായി മൂന്ന് ഓഫ്-റോഡ് മോഡുകളുമുണ്ട്- സാന്‍ഡ്, ട്രെയില്‍, റോക്ക് എന്നീ മോഡുകളിലും വ്യത്യസ്ത പ്രതലങ്ങളില്‍ ജി 63 എഎംജി അധീശത്വം പ്രകടിപ്പിക്കും.

മനുഷ്യകരങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന എഎംജി 4.0 ലിറ്റര്‍ വി8 ബൈടര്‍ബോ എഞ്ചിനാണ്. ഈ എഞ്ചിന്‍ 577 എച്ച്പിയും 627 പൗണ്ട്-ഫീറ്റ് ടോര്‍ക്കുമുത്പാദിപ്പിക്കുന്നു. എഎംജി സ്പീഡ്ഷിഫ്റ്റ് ടിസിടി 9ജി ട്രാന്‍സ്മിഷനാണ്. പൂജ്യത്തില്‍ നിന്ന് അറുപത് മൈലിലെത്താന്‍ ഉദ്ദേശം 4.4 സെക്കന്‍ഡ് മാത്രമെടുക്കുന്ന പുതിയ എഎംജി ജി 63യ്ക്ക് 2018 മോഡലിനെക്കാള്‍ 0.9-സെക്കന്‍ഡിന്റെ മികവുമുണ്ട്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.

0 Comments


Leave a Reply