MUHAMMED SHAFI

ക്ഷീണം പിടികൂടുന്ന യാത്രകള്‍

ആധുനിക വാഹനങ്ങളുടെ വരവ് യാത്രകളുടെ ദൈര്‍ഘ്യം കുറച്ചെങ്കിലും ദീര്‍ഘദൂര യാത്രകള്‍ ഇന്ന് പലരുടെയും പതിവു ഹോബികളുടെ ഗണത്തിലേയ്‌ക്കെത്തിയിട്ടുണ്ട്. പക്ഷെ ഇന്നും, പ്രായാധിക്യമുള്ളവര്‍ക്കും പലവിധ രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും യാത്രകള്‍ മടുപ്പിക്കുന്ന അനുഭവമാണെന്ന് മറക്കുന്നില്ല. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ഒരു വിഭാഗമാണ് കുട്ടികള്‍. എങ്കിലും, ഒരേ ഇരിപ്പില്‍ ഏറെ നേരം തുടരുമ്പോള്‍ തളര്‍ച്ചയും ക്ഷീണവും ആദ്യം പിടികൂടുക സ്ത്രീകളെയും കുഞ്ഞുങ്ങളെയുമായിരിക്കും. ഇക്കാരണങ്ങള്‍ കൊണ്ട് പലരും ഇഷ്ടയാത്രകളെ ഉപേക്ഷിച്ചിട്ടുമുണ്ട്. പറഞ്ഞു വരുന്നത് യാത്രകളിലുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവും എന്നെന്നേയ്ക്കുമായി ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചാണ്. നിസ്സാരമായി വാഹനത്തില്‍ ഉള്‍പ്പെടുത്താവുന്നതോ, ഫിറ്റ് ചെയ്യാവുന്നതോ ആയ വസ്തുക്കളുടെ സഹായത്തോടെ, മാറ്റിനിര്‍ത്തിയ മധുര നിമിഷങ്ങളെ വീണ്ടും സ്വീകരിക്കാം.

പ്രായമായവര്‍ക്ക് വാഹനത്തില്‍ ഏറെ പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. വെളിച്ചവും കാറ്റും കൃത്യമായി കടക്കുന്ന സ്ഥാനത്തായിരിക്കണം പ്രായമായവരെ ഇരുത്തേണ്ടത്. സൈഡ് സീറ്റുകള്‍ അവര്‍ക്ക് വിട്ടു നല്‍കുക. ഞെരുങ്ങിയിരിക്കുന്ന അവസഥയില്‍ നിന്ന് വിടുതല്‍ ലഭിക്കുന്നതോടെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. കുട്ടികളെ പരിഗണിക്കുമ്പോഴും ഇത്തരത്തില്‍ സൗകര്യപ്രദമായ സീറ്റിംഗ് ഒരുക്കാന്‍ പരമാവധി ശ്രദ്ധിക്കുക. തുടര്‍ച്ചയായി മണിക്കൂറുകളോളം ഒരേ ഇരിപ്പ് തുടരുമ്പോള്‍ കായിക പ്രവര്‍ത്തനങ്ങളുടെ കുറവ് ശരീരത്തെ തളര്‍ച്ചയിലേയക്ക് വലിക്കാന്‍ സാധ്യത കൂടുന്നു. ഇടയ്ക്കിടെ വാഹനം നിര്‍ത്തി എല്ലാ യാത്രികരും പുറത്തിറങ്ങി കൈകാലുകള്‍ ചലിപ്പിച്ച് രക്തയോട്ടം സുഗമമാക്കുക. വാഹനത്തിനുള്ളില്‍ തങ്ങി നില്‍ക്കുന്ന ഗന്ധങ്ങളില്‍ നിന്ന ് മോചനവുമാവും. ഇതിനിടെ ചെറിയ റിഫ്രഷ്‌മെന്റുകളാവാം. ആവശ്യത്തിന് ശുദ്ധജലം ഈയവസരങ്ങളില്‍ കുടിക്കുന്നത് ശീലമാക്കുക. ഭക്ഷണം കഴിക്കാതെ ഏറെ നേരം വാഹനത്തിലിരിക്കുന്നത് തലവേദന, ഛര്‍ദ്ദി മുതലായ പ്രശ്‌നങ്ങളിലേയ്ക്കാവും വഴി വെയ്ക്കുക. വാഹനങ്ങളിലുപയോഗിക്കാനായി ഇന്ന് വിവിധ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങള്‍ വിപണിയിലുണ്ട്. ഇവ ഒരു പരിധി വരെ യാത്രികരുടെ ക്ലേശം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ സജ്ജമാക്കപ്പെട്ടവയാണ്. വലിയ സ്‌ക്രീനുകളുള്ളതിനാല്‍ ഇവ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുമില്ല. ഈയവസരത്തില്‍, താരതമ്യേന ചെറിയ സ്‌ക്രീനുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം, യാത്രകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ പെട്ടെന്ന് ശാരീരിക ക്ഷീണം ക്ഷണിച്ചു വരുത്തുന്നു. ശരിയായ ഉറക്കവും വിശ്രമവും തലേന്ന് ഉറപ്പാക്കിയ ശേഷം യാത്രയാരംഭിക്കുന്നത് യാത്രയ്ക്കിടയിലെ ക്ഷീണത്തെ അകറ്റി നിര്‍ത്തുമെന്നതും ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഉറക്കം കണ്ണിനെ മൂടുന്ന അവസ്ഥ വന്നാല്‍, ശരിയായ വിശ്രമമെടുത്ത് ക്ഷീണമകറ്റാം.

വാഹനത്തിനുള്ളിലെ സീറ്റുകളുടെ പൊസിഷന്‍ പലര്‍ക്കും പല തരത്തിലാവും ബാധകമാവുക. ഏതൊരാള്‍ക്കും അനുയോജ്യമാം വിധം അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള സീറ്റ് കുഷ്യനുകളും സപ്പോര്‍ട്ട് നല്‍കുന്ന തലയണകളും വിപണിയിലുള്ളതിനാല്‍ അവ ഉപയോഗിക്കുന്നതിലൂടെ സുഖകരമായ യാത്രയ്ക്ക് വീണ്ടും സാഹചര്യങ്ങളൊരുക്കാം. ആംറെസ്റ്റുകളില്ലാത്ത കാറുകള്‍ക്കായുള്ള ആക്‌സസറി ആംറെസ്റ്റ് പോലും പ്രായമുള്ള യാത്രികര്‍ക്ക് തളര്‍ച്ചയില്ലാത്ത ദീര്‍ഘദൂര യാത്രകള്‍ സമ്മാനിക്കുന്നതിന് തെളിവുകളുണ്ട്. എയര്‍ ഫ്രഷ്‌നറുകളില്‍ നിന്ന് പ്രകൃതിദത്ത സുഗന്ധമുള്ളവ തെരഞ്ഞെടുക്കുന്നതിലൂടെ യാത്രകളെ ദുരിതപൂര്‍ണമാക്കുന്ന ദുര്‍ഗന്ധങ്ങളില്‍ നിന്നും രക്ഷ നേടാം. യാത്രാക്ഷീണത്തെ എന്നെന്നേയ്ക്കുമായി ഒഴിവാക്കാന്‍ ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന ചെറിയ വഴികളാണ് ഇവയെല്ലാം.

0 Comments


Leave a Reply