MY RIDE - AMMU

റോഡ്

സുരക്ഷയ്ക്ക് മാന്ത്രിക

മാര്‍ഗ്ഗം

മായാജാലം അവതരിപ്പിക്കുന്നയാള്‍ക്ക് വേണ്ടത് കൃത്യതയും സുഷ്മതയും അത് അതേപടി ഡ്രൈവിങ്ങിലും പുലര്‍ത്തിയാല്‍ അപകടങ്ങള്‍ ഇല്ലാതാകും. യുവ മാന്ത്രിക അമ്മുവിന്റെ ഡ്രൈവിങ്ങിലും മാജിക്കിന്റെ അതേ കൃത്യതയും ശ്രദ്ധയും കാണാം. വീടിന്റെ പോര്‍ച്ചില്‍ നിന്നും ഇടുങ്ങിയ വഴിയിലൂടെ തന്റെ സെലേറിയോ കാര്‍ പുറത്തെടുക്കുമ്പോള്‍, വശങ്ങളിലേ തൂണുകളിലും പുറത്തേ മതിലിലും ഇടിക്കാതിരിക്കാന്‍ അഭിപ്രായം പറഞ്ഞ ഫോട്ടോഗ്രാഫറോട് 'ഒക്കെ ഞാന്‍ നോക്കി എടുത്തോളാം 'എന്ന് പറഞ്ഞപ്പോള്‍ മജീഷ്യയുടെ ആത്മവിശ്വാസവും കൈയ്യടക്കവും ഡ്രൈവിങ്ങിലും പ്രതിഫലിച്ചു.

മൂന്നാം വയസ്സില്‍ ഗുരുവായ അച്ഛനില്‍ നിന്നും മാന്ത്രിക ദണ്ഡ് കൈയ്യില്‍ വാങ്ങുമ്പോള്‍ ഇത്രയൊന്നുമാകുമെന്ന് ആരും കരുതിയില്ല. എന്നാല്‍ അച്ഛന്‍ ഫ്രീ ലാന്‍സ് ഫോട്ടോഗ്രാഫറും മജീഷ്യനുമായ മുതുകുളം രാജശേഖരന് മകളുടെ ചെറുപ്പത്തിലേയുള്ള നിശ്ചയ ദാര്‍ഢ്യം കണ്ടറിഞ്ഞു. അവള്‍ നല്ലയൊരു മാജിക്കുകാരിയാകുമെന്ന് ചിന്തിച്ചു. അച്ഛന്റെ ശിക്ഷണത്തില്‍ അമ്മു അഞ്ചാം വയസ്സുമുതല്‍ തന്നെ സ്റ്റേജ് ഷോ അവതരിപ്പിച്ചുതുടങ്ങി. ഇപ്പോള്‍ ചെന്നൈയില്‍ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകയായ അമ്മു പ്രശസ്ത മജീഷ്യന്മാര്‍ അവതരിപ്പിക്കുന്ന ജാലവിദ്യകള്‍ വരെ സ്റ്റേജുകളില്‍ അവതരിപ്പിക്കുന്നു.

ഏഴാം വയസ്സില്‍ ഫയര്‍ എസ്‌കേപ്പ് അവതരിപ്പിച്ച അമ്മു തുടര്‍ന്ന് പന്ത്രണ്ട് വയസ്സിനുള്ളില്‍ തന്നെ വിഷ്വല്‍ വാനിഷിങ്, മിഡില്‍ ലസ് ഗേള്‍, കടമനിട്ട കവിതയ്ക്ക് മാജിക് ആവിഷ്‌കാരം, ഇന്ത്യന്‍ ബാസ്‌കറ്റ്, ഫോട്ടോഗ്രാഫിക് മാജിക്, കാര്‍ട്ടൂണ്‍ മാജിക് തുടങ്ങിയവ സ്റ്റേജുകളില്‍ അവതരിപ്പിച്ചു.

പതിമൂന്നാം വയസ്സില്‍ കാണികളെ ആകെ അമ്പരപ്പിച്ചുകൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി ദേശീയപാതയിലൂടെ ഇരുചക്രവാഹനം ഓടിച്ചു. തുടര്‍ന്ന് ജലഭേദന ജാലവിദ്യ, ഗാന്ധി ജാലം, റെയ്ല്‍വേ ട്രാക്ക് എസ്‌കേപ്പ് എന്നിവയും അവതരിപ്പിച്ചു. വായനാദിനത്തില്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ച അക്ഷര ജാലം എന്ന ജാലവിദ്യ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയെ അത്ഭുതപ്പെടുത്തി.

കണ്ണുകള്‍ മൂടിക്കെട്ടി ദേശീയപാതയിലൂടെ കാര്‍ ഓടിച്ചത് 17ാം വയസ്സിലായിരുന്നു. 18ാം വയസ്സില്‍ സ്‌റ്റേജിലേക്ക് ഓടിച്ചുകേറ്റിയ സ്‌കൂട്ടര്‍ അപ്രത്യക്ഷമാക്കിക്കൊണ്ട് വീണ്ടും ജാലവിദ്യയുടെ അദ്ഭുതമായി അമ്മുമാറി. ഇതിനിടയില്‍ കാവാലം നാരായണപ്പണിക്കരുടെ കുഞ്ഞിച്ചിറകുകള്‍ എന്ന നാടകം മാന്ത്രിക പക്ഷി എന്ന പേരില്‍ മാന്ത്രിക നാടകമാക്കി. ഇങ്ങനെ മായാജാലംകൊണ്ട് അദ്ഭുതങ്ങളുടെ മാസ്മരപ്രപഞ്ചം സൃഷ്ടിക്കുന്ന അമ്മു ഇതിനിടയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് തലം വരെ പഠിച്ചു. സിനിമ ആന്റ് ഫോട്ടോഗ്രഫി എന്ന വിഷയത്തിലായിരുന്നു എംഎ പാസ്സായത്. ഇതിനിടയില്‍ വിവാഹം കഴിഞ്ഞു. പത്രപ്രവര്‍ത്തകനായ ആനന്ദാണ് ഭര്‍ത്താവ്. ഇരുവരും ഇപ്പോള്‍ ചെന്നൈയില്‍ താമസം.

അമ്മുവിന്റെ വിവാഹ ചടങ്ങ് സ്വന്തം മാജിക്കിന്റെ വേദിയാക്കിയിരുന്നു. വരനെ മാജിക്കിലൂടെ പ്രത്യക്ഷപ്പെടുത്തിയായിരുന്നു വരണമാല്യം ചാര്‍ത്തിയത്. പ്രശസ്തരും പ്രഗല്‍ഭരും ഉള്‍പ്പെടെ നിരവധി ആളുകളെ അത്ഭുതത്തിന്റെയും അതിലുപരി കൗതുകത്തിന്റെയും ലോകത്തെത്തിച്ചായിരുന്നു ആ വിവാഹ ചടങ്ങുകള്‍.അമ്മുവും മാജിക്കും വാഹനങ്ങളുമായി നിരവധി ബന്ധങ്ങള്‍ ഉണ്ട്. 13ാം വയസ്സില്‍ കണ്ണുകെട്ടി സ്‌കൂട്ടര്‍ ഓടിച്ച അമ്മു. 17ാം വയസ്സില്‍ കണ്ണുകെട്ടി കാര്‍ ഓടിച്ചു. കൂടാതെ സ്‌റ്റേജില്‍ ഓടിച്ചുകയറ്റിയ സ്‌കൂട്ടര്‍ അപ്രത്യക്ഷമാക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്നു.  ലൈസന്‍സ് ലഭിക്കും മുമ്പ് കണ്ണുമൂടിക്കെട്ടി സ്‌കൂട്ടറും കാറും

ഓടിക്കുകയെന്നത് കുറ്റകരമല്ലേയെന്ന ആ വേളയില്‍ പലരും സംശയം ഉന്നയിച്ചു. എന്നാല്‍ മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയും ഡ്രൈവിങ് സൂക്ഷ്മതയോടെ വേണമെന്ന ആശയം പ്രചരിപ്പിക്കുന്നതിനും ഇത് ചെയ്താല്‍ കുഴപ്പമില്ലെന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.റോഡ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് അശ്രദ്ധമായ വണ്ടി ഓടിക്കല്‍ മൂലമാണെമ്മ് അമ്മു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തിരക്കേറിയ ദേശീയപാതയിലും കണ്ണുമൂടിക്കെട്ടിയാലും കൃത്യതയോടെയും സൂക്ഷ്മതയോടെയും വണ്ടി ഓടിച്ചാല്‍ അപകടങ്ങള്‍ ഒന്നും ഉണ്ടാകുകയില്ലെന്നത് അമ്മുവിന്റെ മാജിക്കിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ചെറുപ്പത്തിലേ ഡ്രൈവിങ് അമ്മുവിന് ഏറെ ഇഷ്ടമാണ്. ദേശീയ പാതയിലൂടെയുള്ള ഡ്രൈവിങ്ങാണ് കൂടുതല്‍ ഇഷ്ടം. പക്ഷെ, സ്ത്രീകളുടെ ഡ്രൈവിങ്ങിനെ ഈ പരിഷ്‌കൃതലോകത്തിലും അംഗീകരിക്കാത്ത ചിലരുണ്ട്. മുമ്പില്‍ വണ്ടിയോടിച്ചുപോകുന്നത് സ്ത്രീയാണെന്ന് അറിയുന്നതുമുതല്‍ പിന്നില്‍നിന്നും ഹോണ്‍ മുഴക്കാന്‍ തുടങ്ങും വെറുതേയെങ്കിലും മുന്നില്‍ കയറിയാലേ അവരുടെ വാശി തീരൂ. അവര്‍ വാശിതീര്‍ത്തോട്ടേയെന്ന് നമ്മള്‍ സമാധാനിച്ച് അവരേ കയറ്റിവിട്ടാല്‍ പ്രശ്‌നം തീരും. അല്ലെങ്കില്‍ ആകെ കുഴപ്പമാകും.- അമ്മു ഡ്രൈവിങ് അനുഭവങ്ങള്‍ പങ്കുവെച്ചു.

ഇപ്പോള്‍ ചെന്നൈയിലാണ് താമസം. അവിടെയും വണ്ടി ഓടിക്കാറുണ്ട്. കേരളത്തിലെ റോഡുകളിലും അവിടുത്തേപ്പോലെതന്നെ തിരക്കായിട്ടുണ്ട് ഡ്രൈവിങ്ങിനാണെങ്കിലും മാജിക്കിനാണെങ്കിലും ഭര്‍ത്താവ് ആനന്ദ് പ്രോത്സാഹനമേ തന്നിട്ടുള്ളൂ. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ ദീര്‍ഘദൂരയാത്രകള്‍ ഇടയ്ക്കിടെ നടത്താറുണ്ട്. ബൈക്കില്‍ ചുറ്റിയടിക്കുന്നതിലാണ് ഒരു ത്രില്‍.- അമ്മു പറയുന്നു.

അപകടങ്ങള്‍ ഇതുവരെ കണ്ടറിഞ്ഞിട്ടേയുള്ളൂ, കൊണ്ടറിഞ്ഞിട്ടില്ല.  അച്ഛന് ഉണ്ടായിട്ടുള്ള ഒരു ഡസ്സനോളം അപകടങ്ങളുടെ ദുരിതം അനുഭവിച്ചറിഞ്ഞു. ഡ്രൈവിങ് കൃത്യതയോടെയും ശ്രദ്ധയോടെയും ആയതിനാലാകണം തനിക്ക് ഇതുവരെ അപകടങ്ങള്‍ ഒന്നും ഉണ്ടാകാത്തതെന്ന് അമ്മു ആശ്വസിക്കുന്നു.അച്ഛന്റെ

അപകടം പഠിപ്പിച്ചത്....


അച്ഛന് ഉണ്ടായ അപകടങ്ങള്‍ ധാരാളം പാഠം പഠിപ്പിക്കുന്നെന്ന് അമ്മു. ഇരു ചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധം' നമ്മള്‍ എത്ര സൂക്ഷിച്ചു പോയാലും എതിരെ വരുന്നവന്‍ അശ്രദ്ധാലുവാണെങ്കില്‍ നമ്മള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏല്‍ക്കേണ്ടി വരും. ഇതൊക്കെയാണ് അച്ഛനുണ്ടായ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന അനുഭവങ്ങളെന്ന് അമ്മു പറയുന്നു.

പന്ത്രണ്ടോളം അപകടങ്ങള്‍ക്ക് അച്ഛന്‍ മുതുകുളം രാജശേഖരന്‍ ഇരയായി. സ്വന്തം കുറ്റം കൊണ്ട് ഒന്നു പോലും ഉണ്ടായിട്ടില്ല. 2012.ലും 2014ലും ഉണ്ടായ രണ്ട് അപകടങ്ങള്‍ ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ഹെല്‍മെറ്റ് ഉണ്ടായിരുന്നതുകൊണ്ട് ജീവന്‍ തിരിച്ചു കിട്ടിയെന്നു മാത്രം. 2012-ല്‍ അടൂരില്‍ ഒരു മാജിക് പ്രോഗ്രാമിന് പോകാനിരിക്കെ, അന്നാണ് അച്ഛന് അപകടം ഉണ്ടായത്.ദേശീയപാതയിലൂടെ വന്ന അച്ഛന്റെ സ്‌കൂട്ടറിനെ, ബൈ റൂട്ടില്‍ നിന്നും കയറി വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ അച്ഛന് ഓര്‍മ തിരിച്ചുകിട്ടാന്‍ മൂന്നു മാസം വേണ്ടിവന്നു.മൂന്നു മാസത്തോളം അമ്മയേയും ഭാര്യയേയും മകളേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ, പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. 2014-ല്‍ ഇരുചക്രവാഹനത്തിനു മുന്നിലേക്ക് നായകുറുക്കുചാടുകയായിരുന്നു.ശരീരമാകെ പൊട്ടലുകളുമായി മാസങ്ങളോളം ബെഡ് റെസ്റ്റില്‍ .ഹെല്‍മെറ്റ് ഉണ്ടായിരുന്നതുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് മാത്രം. ആ അപകടത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും അച്ഛന്‍ അനുഭവിക്കുന്നുണ്ട്.

എന്തിനും ഏതിനും അച്ഛനോടൊപ്പം കൂടിയിരുന്ന എന്നെ ഞാനാക്കിയത് അച്ഛന്‍ ആയിരുന്നു. രക്തം കണ്ടാല്‍ പേടിച്ചിരുന്ന ഞാന്‍, അച്ഛന്റെ അപകടങ്ങളില്‍ പതറി.എന്നാല്‍ മാജിക്കില്‍ കൃത്യതയ്ക്കും സൂക്ഷമതയ്ക്കും ഒപ്പം ആത്മവിശ്വാസവും ദൃഡനിശ്ചയവും ആവശ്യമാണെന്ന അച്ഛന്റെ വാക്കുകള്‍ ജീവിതത്തിലും പ്രാവര്‍ത്തികമാക്കുന്നതിനാല്‍ എല്ലാം തരണം ചെയ്യാന്‍ കഴിയുന്നു - അമ്മു

പറഞ്ഞു നിര്‍ത്തി.


0 Comments


Leave a Reply