PREVIEW CAYENNE

ജര്‍മന്‍ കമ്പനി പോര്‍ഷെയുടെ ഏറ്റവും വിലപിടിപ്പുള്ളതും വില്‍പ്പന വിജയം നേടിയതുമായ എസ്‌യുവിയാണ് കയേന്‍. ഇതിന്റെ ഏറ്റവും പുതിയ തലമുറ ഇന്ത്യയിലുംവില്‍പ്പനയ്‌ക്കെത്തി. മൂന്നാം തലമുറ കയേനിന് കയേന്‍ , കയേന്‍ ഇ-ഹൈബ്രിഡ്, കയേന്‍ ടര്‍ബോ എന്നീ വകഭേദങ്ങളുണ്ട്. എക്സ്‌ഷോറൂം വില 1.19 കോടി രൂപയില്‍ ആരംഭിക്കുന്നു.

ഔഡി ക്യു സെവന്‍ ,ബെന്റ്ലി ബെന്റൈഗ, ലംബോര്‍ഗിനി ഉറൂസ് എന്നീ മോഡലുകള്‍ക്ക് ഉപയോഗിക്കുന്നതരം എംഎല്‍ബി പ്ലാറ്റ്ഫോമിലാണ് തലമുറ കയേന്‍ നിര്‍മിച്ചിരിക്കുന്നത്. മുന്‍തലമുറയെ അപേക്ഷിച്ച് 65 കിലോഗ്രാം ഭാരക്കുറവുണ്ട്. കരുത്ത് കൂടിയ എന്‍ജിനുകളും പുതിയ സൗകര്യങ്ങളുമാണ് പുതിയ മോഡലിന്റെ മറ്റു പ്രത്യേകതകള്‍. ചരിത്രത്തിലാദ്യമായാണ് ഹൈബ്രിഡ് വകഭേദം കയേനിനു ലഭ്യമാകുന്നത്. വീല്‍ബേസില്‍ മാറ്റമില്ലെങ്കിലും നീളവും വീതിയും പുതിയ കയേന് കൂടുതലാണ്. അഞ്ച് സീറ്റര്‍ എസ്‌യുവിയുടെ ബൂട്ട് സ്‌പേസില്‍ 100 ലീറ്റര്‍ വര്‍ധനയുണ്ടായി. നിലവില്‍ 745 ലീറ്ററാണ് ബൂട്ട് സ്പേസ്. ആവശ്യാനുസരണം സ്വയം ക്രമീകരിക്കുന്ന റൂഫ് സ്‌പോയ്ലറുള്ള ആദ്യ എസ്‌യുവി എന്ന പ്രത്യേകത പുതിയ കയേനുണ്ട്. 911 ടര്‍ബോ സ്പോര്‍ട്സ് കാറിലേതിനു സമാനമായി ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡൗണ്‍ഫോഴ്സ് പ്രദാനം ചെയ്യാന്‍ ഇതിനാകും. 4.92 മീറ്റര്‍ നീളമുള്ള കയേന് 190 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. എയര്‍സസ്പെന്‍ഷന്‍ ക്രമീകരിച്ച് ഓഫ് റോഡ് യാത്രയ്ക്കായി ഇത് 245 മില്ലീമീറ്ററായി വര്‍ധിപ്പിക്കാം.കയേന്‍ എസ്‌യുവിയുടെ അടിസ്ഥാന വകഭേദത്തിന് 335 ബിഎച്ച്പി -450 എന്‍എം ശേഷിയുള്ള മൂന്ന് ലീറ്റര്‍, സിംഗിള്‍ ടര്‍ബോ വി 6 പെട്രോള്‍ എന്‍ജിനാണ്. കയേന്‍ എസിന് ട്വിന്‍ ടര്‍ബോയുള്ള 2.9 ലീറ്റര്‍ , വി 6 പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നു. എന്‍ജിന്‍ശേഷി 433 ബിഎച്ച്പി -550 എന്‍എം. ഏറ്റവും കരുത്തുറ്റ വകഭേദമായ കയേന്‍ ടര്‍ബോയ്ക്ക് 4.0 ലീറ്റര്‍ ബൈ ടര്‍ബോ വി 8 എന്‍ജിനാണ്. 542 ബിഎച്ച്പി കരുത്തുള്ള കയേന്‍ ടര്‍ബോയ്ക്ക് മണിക്കൂറില്‍ 286 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആര്‍ജിക്കാന്‍ വേണ്ടത് വെറും 3.9 സെക്കന്‍ഡ്. ആക്ടിവ് ആള്‍വീല്‍ ഡ്രൈവുള്ള പോര്‍ഷെ എസ്‌യുവിയുടെ എല്ലാ എന്‍ജിന്‍ വകഭേദങ്ങള്‍ക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉപയോഗക്കുന്നത്. പോര്‍ഷെയുടെ 918 സ്‌പൈഡര്‍ സൂപ്പര്‍ കാറിന്റെ തരം ഹൈബ്രിഡ് പവര്‍ ട്രെയിനാണ് ഇ-ഹൈബ്രിഡ് വകഭേദത്തിനു ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 44 കിലോമീറ്റര്‍ വരെ ഇതിന് സഞ്ചരിക്കാനാവും. ഇലക്ട്രിക് മോഡില്‍ പരമാവധി 135 കിലോമീറ്റര്‍ / മണിക്കൂര്‍ വരെ വേഗമെടുക്കാനാവും. പ്രധാനമായും റേഞ്ച് റോവര്‍ സ്പോര്‍ട്, ബിഎംഡബ്ല്യു എക്സ് 5 മോഡലുകളുമായാണ് കയേന്‍ മത്സരിക്കുന്നത്.

0 Comments


Leave a Reply