PREVIEW NISSAN KICKS

ബി സെഗ്മെന്റിലെ സബ് കോംപാക്ട് ക്രോസോവര്‍ എസ്‌യുവികളുടെ ഗണത്തില്‍പ്പെടുന്ന വാഹനമാണ് നിസ്സാന്‍ കിക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രേറ്റയും റെനോ കാപ്റ്ററും പ്രധാനികളായി നിലനില്‍ക്കുന്ന ഈ ശ്രേണിയിലേക്ക് നിസ്സാനില്‍ നിന്നും സമാനസാന്നിദ്ധ്യമായ ഒരു മോഡല്‍ അനിവാര്യമായി വന്നിരിക്കുന്നു. 2009ല്‍ നിസ്സാന്‍ ഇന്ത്യയിലവതരിപ്പിച്ച ക്രോസോവറായ എക്‌സ്-ട്രയില്‍ വില്‍പ്പനയിലെ ക്ഷീണം മൂലം നാലു വര്‍ഷം മുന്‍പ് പിന്‍വലിക്കപ്പെട്ടപ്പോള്‍ കമ്പനിയുടെ എസ്‌യുവി സ്വപ്‌നങ്ങള്‍ ഇവിടെ ടെറാനോയില്‍ മാത്രമൊതുങ്ങി. ആ കുറവുകള്‍ കൂടി നികത്താനാണ് 2019 ജനുവരിയോടെ കിക്‌സ് ഇന്ത്യയില്‍ വരിക. ഇവിടുത്തുകാര്‍ക്ക് പരിചിതമല്ലാത്ത എസ്‌യുവിയായ നിസ്സാന്‍ ജൂക്കിന് പകരക്കാരനായി ആഗോളതലത്തില്‍ ഇനി കിക്‌സ് തുടരും. ജൂക്കിന്റെ നിര്‍മ്മാണം അവസാനിപ്പിച്ചിട്ടില്ലെങ്കിലും യുഎസ് വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിച്ച് കിക്‌സിനെ നിസ്സാന്‍ ഔദ്യോഗികമായി അവതരിപ്പിച്ചു കഴിഞ്ഞു. വിപണിവിജയം നേടിയ ജൂക്കിനെക്കാള്‍ സൗകര്യങ്ങളാണ് കിക്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഒരു കണ്‍സപ്റ്റ് മോഡലായി നിസ്സാന്‍ കിക്‌സ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 2014ലാണ്. 2016 സമ്മര്‍ ഒളിംപിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്ന നിസ്സാന്‍ ബ്രസീലിലുടനീളം പ്രമോഷന്റെ ഭാഗമായി കിക്‌സ് പ്രദര്‍ശിപ്പിച്ചു. ഡസ്റ്റര്‍, കാപ്റ്റര്‍, ടെറാനോ തുടങ്ങിയ വാഹനങ്ങളുടെ റെനോ-നിസ്സാന്‍ എംസീറോ പ്ലാറ്റ്‌ഫോം തന്നെയാണ് കിക്‌സും പങ്കിടുന്നത്. ഇന്ത്യയുടെ എസ്‌യുവി ഭ്രമത്തിന് ഉത്തരമെന്നോണം ഏറ്റവും പുതിയ നിസ്സാന്‍ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കപ്പെടുമ്പോള്‍ വാഹനനിര്‍മ്മാതാക്കളില്‍ തങ്ങളുടെ സഹോദരസ്ഥാനീയരായ റെനോയുടെ വില്‍പനയിലും നിസ്സാന് കണ്ണുണ്ട്. ഉയര്‍ന്ന നിര്‍മ്മാണ നിലവാരം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് നിര്‍മ്മാണത്തിലുപയോഗിച്ചിരിക്കുന്നത്. സമചിത്തമായ രൂപം കൈവരുത്തുന്നതിനായി വശങ്ങളില്‍ ലളിതമായ രേഖകള്‍ കാണാം. പേശീസമൃദ്ധ ഗാംഭീര്യമോ ഗൗരവഭാവമോ ഇല്ലാത്ത സിംപിള്‍ ഡിസൈന്‍. ഇന്ത്യയിലെത്തുന്ന കിക്‌സിന് ലോകവിപണിയിലെ മോഡലില്‍ നിന്ന് രൂപവ്യത്യാസങ്ങളേതുമില്ല. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ ഒപ്പമുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ പാര്‍ശ്വഭാഗത്തു കൂടി കടന്നു പോവുന്ന നിസ്സാന്‍ 'വി' മോഷന്‍ ഗ്രില്‍. സി-പില്ലറില്‍ സവിശേഷമായ ഒരു വക്രത സമ്മാനിച്ച് ഒഴുകിയിറങ്ങുന്ന റൂഫ്. ഡ്യുവല്‍ ടോണ്‍ പെയിന്റ് ഫിനിഷാണ് നല്‍കപ്പെട്ടിരിക്കുന്നത്. കുത്തനെ ചാഞ്ഞിറങ്ങുന്ന വിന്‍ഡ് സ്‌ക്രീനും എല്‍ഇഡി കൂട്ടിച്ചേര്‍ക്കലുകളുള്ള ആംഗുലാര്‍ ടെയില്‍ ലാമ്പുകളും പിന്നഴകുകള്‍. പോപ് ഔട്ട് വീല്‍ ആര്‍ച്ചുകള്‍ പരമ്പരാഗത എസ്‌യുവി രൂപത്തില്‍ തന്നെ കിക്‌സിനെ ഉറപ്പിച്ചു നിര്‍ത്തുന്നു.  ഹ്യുണ്ടായ് ക്രേറ്റയെക്കാള്‍ 114 മില്ലീമീറ്ററും കിക്‌സിന്റെ സമാന പ്ലാറ്റ്‌ഫോം പിന്തുടരുന്ന കാപ്റ്ററിനെക്കാള്‍ 55 മില്ലീമീറ്ററും നീളക്കൂടുതലുള്ള കിക്‌സിന്റെ നീളം 4384 മില്ലീമീറ്ററാണ്. ക്രേറ്റയുടെ വീതി 1780 മില്ലീമീറ്റര്‍ ആണെന്നിരിക്കെ 1813 മില്ലീമീറ്റര്‍ ഉയരമുള്ള കിക്‌സ് അവിടെയും മേല്‍ക്കോയ്മ നേടുന്നു. കാപ്റ്ററിന്റെ അളവ് കിക്‌സില്‍ നിന്ന് വ്യത്യസ്തമല്ല. എന്നാല്‍, കാപ്റ്ററിനെ 11 മില്ലീമീറ്ററിന് പിന്നിലാക്കി 1630 മില്ലീമീറ്റര്‍ ഉയരവുമായി നില്‍ക്കുന്ന ക്രേറ്റ ഇക്കാര്യത്തിലെങ്കിലും കിക്‌സിനെ പിന്നോട്ടടിക്കുമെന്ന് കരുതേണ്ട. 1656 മില്ലീമീറ്ററാണ് കിക്‌സിന്റെ ഉയരം. ക്രേറ്റയെക്കാള്‍ 26 മില്ലീമീറ്ററും കാപ്റ്ററിനെക്കാള്‍ 37 മില്ലീമീറ്ററും കൂടുതല്‍. 2673 മില്ലീമീറ്റര്‍ വീല്‍ബേസ് കിക്‌സിനും കാപ്റ്ററിനും സമാനമാണ്. അവിടെയും ക്രേറ്റയെക്കാള്‍ 83 മില്ലീമീറ്റര്‍ അധികമുണ്ട്. അളവുകളിലെ വര്‍ദ്ധന പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യമായോ ബൂട്ട്‌സ്‌പേസ് ആയോ മാറുന്നു. കാപ്റ്ററിന് സമാനമായ ഫീച്ചറുകള്‍ ഏതായാലും കിക്‌സിലും പ്രതീക്ഷിക്കാം. ഇസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി) ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ടോപ് എന്‍ഡ് വേരിയന്റില്‍ കോര്‍ണറിംഗ് ലാമ്പുകളും 17 ഇഞ്ച് മെഷീന്‍ഡ് ഫിനിഷ് അലോയ് വീലുകളുമുണ്ടാവുമെന്ന് നിസ്സാന്‍ വ്യക്തമാക്കുന്നു. ടൂ വീല്‍ ഡ്രൈവ് ആയിരിക്കും. ലോകവിപണിയിലെ വേരിയന്റുകളിലുള്ള എറൗണ്ട് വ്യൂ മോണിറ്റര്‍ 360 ഡിഗ്രി ക്യാമറ ടെക്‌നോളജി ഇവിടെയുമാവര്‍ത്തിച്ചാല്‍ സെഗ്‌മെന്റിലാദ്യമായി സറൗണ്ട് വ്യൂ സിസ്റ്റമെത്തുന്നത് ആദ്യ മോഡല്‍ കിക്‌സ് മാത്രമായിരിക്കും. മുന്നിലും പിന്നിലും രണ്ട് പുറം കണ്ണാടികളിലുമായി ഘടിപ്പിച്ചിട്ടുള്ള നാലു ക്യാമറകള്‍ 'ബേഡ് ഐ വ്യൂ' സമ്മാനിക്കും. ടോപ് എന്‍ഡ് മോഡലിലെങ്കിലും ഇത് പ്രതീക്ഷിക്കാം. ടെലിമാറ്റിക്‌സ് സാങ്കേതികതയോടു കൂടിയ സ്മാര്‍ട് വാച്ചും ഈ ശ്രേണിയില്‍ ആദ്യമായി എത്തുന്ന വാഹനവും കിക്‌സ് തന്നെ. എഞ്ചിന്‍ ഓപ്ഷനുകളും കിക്‌സ് കാപ്റ്ററുമായി പങ്കിടുമെന്ന് വ്യക്തം. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലോ നിസ്സാന്റെ എക്‌സ്-ട്രോണിക് സിവിടിയിലോ ലഭ്യമാവും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇന്ത്യയിലേക്കുള്ള വാഗ്ദാനമാണ്. ഒരുപക്ഷേ ഇന്ത്യന്‍ വിപണിയില്‍ മാത്രമാവും ഡീസല്‍ വേരിയന്റ് ഉണ്ടാവുക. 10 ലക്ഷത്തിനും 14 ലക്ഷത്തിനുമിടയില്‍ വില പ്രതീക്ഷിക്കാവുന്ന നിസ്സാന്‍ കിക്‌സ്, ഇന്ത്യയില്‍ വിപണിവിഹിതം കൈയ്യാളുന്ന സബ് കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ശത്രുനിരയെ ഉത്കണ്ഠാകുലരാക്കുമെന്ന് കരുതാം. ക്രേറ്റയും കാപ്റ്ററും മാത്രമാവില്ല കിക്‌സിന് എതിരാളികള്‍.

0 Comments


Leave a Reply