SPEEDSTER

കുണ്ടും കുഴിയും നിറഞ്ഞ നാട്ടുവഴികളിളക്കിയും പച്ചപ്പണിഞ്ഞ കൊടും കാട്ടിലെ ഇടുങ്ങിയ പാതകള്‍ താണ്ടിയും നിരവധി കാര്‍ റാലികളില്‍ കിരീടം ചൂടിയ അന്താരാഷ്ട്ര താരം ഉപേന്ദ്ര നാരായണന്‍ തടസ്സങ്ങള്‍ ഒന്നും കാര്യമാക്കിയിട്ടില്ല. അത് കഴുത്തിനു നേരേ ചൂണ്ടിയ തോക്കായാലും മാര്‍ഗ്ഗമധ്യേ വരുന്ന കാട്ടുപോത്തുകളായാലും അദ്ദേഹത്തിന് കുലുക്കമേതുമില്ല.അങ്ങനെ കുലുങ്ങുകയാണെങ്കില്‍ താന്‍ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് താരമാകില്ലായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഉപേന്ദ്ര നാരായണന്‍,അന്താരാഷ്ട്ര മോട്ടോര്‍ സ്‌പോര്‍ട്‌സ് താരം. കാര്‍ റാലികളിലെ മലയാളിത്തിളക്കം. ഒറ്റ വര്‍ഷം തന്നെ പങ്കെടുത്ത റാലികളിലെല്ലാം വിജയിയായെന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമ.കേരളത്തിന്റെ സ്വന്തം കാര്‍റാലിയായ പോപ്പുലര്‍ കാര്‍റാലിക്ക് ഉണര്‍വ്വും ഊര്‍ജ്ജവും നല്‍കിയ കാറോട്ടക്കാരന്‍. ഇന്ന് നൂറുകണക്കിന് വാഹനയാത്രികരെ അപകടത്തില്‍നിന്ന് രക്ഷിക്കുന്നതിനുള്ള കര്‍മ്മപദ്ധതികളുടെ സൂത്രധാരനായി വര്‍ത്തിക്കുമ്പോഴും കാര്‍റാലികളുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ ടോപ്ഗിയറിനോട് അദ്ദേഹം തന്റെ റാലിഅനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഓരോ റാലികളും ഓരോ അനുഭവങ്ങളാണ്. ഓരോ ദുര്‍ഘട പാതകളും ഡ്രൈവിങ്ങിന്റെ ഓരോ പാഠങ്ങള്‍ പഠിപ്പിക്കുന്നവയാണ്. അതിലെ ഓരോ പാഠങ്ങളും പകരം വയ്ക്കുവാനില്ലാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.ദുര്‍ഘടങ്ങള്‍ക്കുമുന്നില്‍ തളരാന്‍ ഒരു റാലിതാരത്തിനു കഴിയില്ല.അങ്ങനെയെങ്കില്‍ സത്യമംഗലം വനത്തില്‍ വീരപ്പന്‍ സംഘത്തിന്റെ തോക്കിന്‍ കുഴലിനുമുന്നില്‍പ്പെട്ടപ്പോള്‍ പതറാതെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍യാത്ര തുടരാന്‍ പറ്റില്ലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളേപ്പറ്റി ഉപേന്ദ്രനാരായണന്‍ വിശദീകരിച്ചു.

1988-ല്‍നടന്ന സൗത്ത് ഇന്‍ഡ്യാ കാര്‍ റാലിയ്ക്കിടെയാണ് സംഭവം.റാലിക്കുമുന്‍പ് കടന്നുപോകേണ്ട റൂട്ടുകളിലൂടെ ട്രയല്‍ റണ്‍ നടത്തുക പതിവുണ്ട്. സ്ഥലത്തിന്റെ പ്രത്യേകതകളും എടുക്കേണ്ട സ്പീഡിന്റെ അളവുകളും മറ്റും നിശ്ചയിക്കുന്നതിനും ഡ്രൈവര്‍ക്കും കൂടെയുള്ള നാവിഗേറ്റര്‍ക്കും വഴി പരിചിതമാകുന്നതിനും ഒപ്പം പെയ്‌സ് നോട്ട് തയ്യാറാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ക്കും മറ്റുമാണ് ഈ ട്രയല്‍ റണ്‍.

മൂന്നു സംസ്ഥാനങ്ങളില്‍ക്കൂടിയാണ് ഈ റാലി കടന്നുപോകേണ്ടത്.കര്‍ണാടകയിലെ മൈസൂര്‍ സത്യമംഗലം കാട്ടിലൂടെയും പോകേണ്ടതുണ്ട്. വീരപ്പനും സംഘവും വിരാജിക്കുന്ന ഒളിത്താവളമാണ് സത്യമംഗലം കാടെന്ന് കേട്ടറിവുണ്ട്. എന്നാല്‍ അവരുടെ മുന്നില്‍പ്പടുമെന്നോ, പെട്ടാല്‍ അവിടെനിന്നും ജീവനും കൊണ്ട് തിരിച്ചുവരുമെന്നോ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. ഒടുവില്‍ അത് സംഭവിച്ചു.  സത്യമംഗലം വനത്തിനടുത്തെത്തിയപ്പോള്‍ സന്ധ്യയോടടുത്തിരുന്നു.വൈകിട്ട് ആറുമണി കഴിഞ്ഞാല്‍ പിന്നെ കടത്തിവിടില്ല. കാര്‍ റാലിയുടെ ഭാഗമാണെന്ന് അനുമതി പത്രം കാണിച്ചും ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടും ഒക്കെ ഒരു തരത്തില്‍ കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായി. പക്ഷേ ഏതാനും കിലോമീറ്റര്‍ കടന്നുചെന്നപ്പോള്‍ റോഡിനു നടുവില്‍ തോക്കുധാരികളായ പട്ടാള വേഷക്കാര്‍.കണ്ട ഉടനേ അവര്‍ ഞങ്ങളെ വളഞ്ഞു. കഴുത്തില്‍ തോക്കുചൂണ്ടി. വണ്ടി മുഴുവന്‍ അരിച്ചുപെറുക്കി. കാലില്‍ സാധാരണ ചെരിപ്പാണവര്‍ ഇട്ടിരുന്നത്. യൂണിഫോമില്‍ റെജിമെന്റിന്റെ എംബ്‌ളവും ഇല്ലെന്നുകണ്ടതോടെയാണ് ഇവര്‍ പട്ടാളക്കാരല്ല,വീരപ്പന്‍ സംഘമാണെന്ന് മനസ്സിലായത്.

എങ്കിലും ഒട്ടും പേടി തോന്നിയില്ലെന്ന് അദ്ദേഹം പറയുന്നു. കൂടെയുണ്ടായിരുന്ന നാവിഗേറ്റര്‍ തമിഴ്‌നാട്ടുകാരനായിരുന്നതുകൊണ്ടും, തമിഴില്‍ പറഞ്ഞുവിശ്വസിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

മറ്റൊരിക്കല്‍ മൂന്നാര്‍-ഹില്‍ടോപ്പ്-കൊടൈക്കനാല്‍ റോഡില്‍ റാലിക്കിടെ കാട്ടുപോത്തിന്‍ കൂട്ടം മുന്നില്‍ വന്നപ്പോഴും ധൈര്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.റാലിവണ്ടി ശബ്ദം കൂട്ടി ഇരപ്പിച്ചും മുന്നോട്ട് കുതിപ്പിച്ചും ഇവയെ റോഡില്‍നിന്നും തുരത്തുകയായിരുന്നത്രേ.

കേരളത്തിന്റെ സ്വന്തം റാലിയെന്നാണ് ഉപേന്ദ്രനാരായണന്‍ പോപ്പുലര്‍ റാലിയെ വിശേഷിപ്പിക്കുന്നത്. 86,87,92 വര്‍ഷങ്ങളിലെ പോപ്പുലര്‍ റാലികളില്‍ പങ്കെടുക്കുകയും അതിലെല്ലാം വിജയിയാകുകയും ചെയ്തിട്ടുണ്ട്.87-ല്‍ വിന്നറായ അദ്ദേഹം 86-ല്‍ സെക്ടര്‍ വിന്നറും 92-ല്‍ റണ്ണര്‍ അപ്പുമായി.ഒരു തവണ പോപ്പുലര്‍ എം.ഡി ജോണ്‍. കെ.പോള്‍ അദ്ദേഹത്തിന് നാവിഗേറ്ററായി വന്നിട്ടുണ്ട്.

 പോപ്പുലര്‍ റാലിയിലും മറക്കാനാവാത്ത അനുഭവങ്ങള്‍ നിരവധിയുണ്ടെന്ന് ഉപേന്ദ്രനാരായണന്‍.'ഞാന്‍ പങ്കെടുത്താല്‍  മറ്റുള്ളവര്‍ക്ക് സമ്മാനം ലഭിക്കില്ലെന്ന് മുന്നനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ മത്സരരംഗത്തുനിന്നും മാറിനിന്നു. ഗള്‍ഫില്‍ റാലിയില്‍ പങ്കെടുത്ത് വിജയിച്ചിട്ടുള്ള എനിക്ക് പൊതുവേ സ്പീഡ് അല്‍പ്പം കൂടുതലാണ്.അതുകൊണ്ട് വിജയിയാകുന്നതും ഞാന്‍തന്നെയായിരിക്കും. എന്തായാലും മറ്റുള്ളവര്‍ വിമുഖത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘാടകര്‍ തന്നെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടി. അതോടെ ഞാന്‍ സ്വമേധയാ പല റാലികളില്‍നിന്നും മാറിനിന്നു'ചിരിച്ചുകൊണ്ട് അദ്ദേഹം ആ അനുഭവവും വിശദീകരിച്ചു. സ്പീഡിനേക്കുറിച്ച് പറയുമ്പോള്‍ മറ്റെരു രസകരമായ കാര്യവും അദ്ദേഹം പങ്കുവച്ചു. റാലിയിലെ അമിതവേഗം കാരണം നാവിഗേറ്റര്‍മാരെ കിട്ടാതായി. ഒടുവില്‍ തമിഴ്‌നാട്ടില്‍നിന്നും മറ്റും കണ്ടെത്തേണ്ടി വന്നു. ഒരുതവണ പോപ്പുലര്‍ എം.ഡി ജോണ്‍ കെ. പോളിനേയും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടന്നു.അമിതവേഗത്തിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ പേടിപ്പിക്കാന്‍ നോക്കി. എന്നാല്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ ധൈര്യം കാരണം നാവിഗേറ്ററാകുകയായിരുന്നു.

 1994-ലാണ് മത്സര കാര്‍റാലികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് പൂര്‍ണമായും ഒഴിവായതെന്ന് അദ്ദേഹം പറഞ്ഞു. ആതിനും  ഒരു കാരണമുണ്ട്.അന്ന് ജെ.കെ.ടയര്‍ കമ്പനിയുടെ കാറോട്ടക്കാരനായിരുന്നു.ചണ്ടിഗഡ് സ്വദേശിയായ ഹരിസിംഗ് എന്ന ഒരു സൂപ്പര്‍ താരവും ജെ.കെ.യുടെ ടീമില്‍ ഉണ്ടായിരുന്നു. കാറോട്ടത്തില്‍ എന്ന് ഹരിസിംഗിനെ തോല്‍പ്പിക്കുന്നുവോ, അന്ന് മത്സരരംഗത്തുനിന്ന് പിന്‍മാറുമെന്ന്പറഞ്ഞിരുന്നു. ആ വര്‍ഷത്തെ മക്‌ഡെവല്‍ റാലിയില്‍ ഹരിസിംഗിനെ ഓവര്‍ടേക്ക് ചെയ്തതോടെ മത്സരരംഗത്തുനിന്ന് പിന്‍മാറുകയായിരുന്നു.

 അനേകായിരങ്ങള്‍ക്ക് റോഡാകുന്ന കുരുതിക്കളങ്ങളില്‍നിന്ന് ജീവന്‍ തിരികെ നല്‍കുന്ന ദൗത്യത്തില്‍ വ്യാപൃതനാണ് അദ്ദേഹമിപ്പോള്‍.1996-മുതല്‍ റോഡ് സുരക്ഷാസംരംഭങ്ങളില്‍ഏര്‍പ്പെട്ടുപ്രവര്‍ത്തിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കുവാനും അതുവഴി അപകടമരണങ്ങള്‍ കുറയ്ക്കുവാനും അദ്ദേഹം സദാ ജാഗരൂകനാണ്.

റോഡ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഫലമായി 2009-ല്‍എറണാകുളം റൂറല്‍ പരിധിയില്‍ അപകടമരണ നിരക്ക് 351-ല്‍ നിന്ന് 251-ആയി കുറച്ചതിനാല്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ഉപേന്ദ്രനാരായണനെ തേടിവന്നു. മാത്രമല്ല,അപകടനിരക്ക് കുറയ്ക്കുന്നതിന് പോലീസിനും ട്രാഫിക് പോലീസിനും സന്നദ്ധസംഘടനകള്‍ക്കും ഒക്കെ പരിശീലനം നല്‍കാന്‍ അദ്ദേഹത്തെ നിയോഗിക്കുകയുമുണ്ടായി.

2017സെപ്റ്റംബര്‍ മുതല്‍ 2018 സെപ്റ്റംബര്‍വരെ തമിഴ്‌നാട്ടില്‍ ട്രിച്ചി എസ്.പി യുടെ പരിധിയില്‍ പോലീസിനും മറ്റും ട്രെയിനിംഗ് കൊടുക്കുവാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു.വേളാങ്കണ്ണി റോഡിലെ അപകടങ്ങള്‍ 30 ശതമാനം കുറയ്ക്കുവാന്‍ ഇതുമൂലം കഴിഞ്ഞു.ഇപ്പോള്‍ ഭുവനേശ്വര്‍ പോലീസ് അക്കാഡമിയിലെ പരിശീലകനാണ്.


0 Comments


Leave a Reply